പേറ്റന്റ്റ്  ലംഘനം: ആപ്പിള്‍ 1500 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി




മൈക്രോചിപ്പ് സങ്കേതത്തിന്റെ പേറ്റന്റ് ലംഘിച്ചതിന്റെ പേരില്‍ വിസ്‌കോന്‍സിന്‍ സര്‍വകലാശാല-മാഡിസന് ആപ്പിള്‍ കമ്പനി 23.4 കോടി ഡോളര്‍ (ഏതാണ്ട് 1500 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ യു.എസ്.ജൂറി വിധിച്ചു.


കണ്ടുപിടിത്തങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെയുള്ള സുപ്രധാനമായ വിധിയാണിതെന്ന്, സര്‍വകലാശാലയിലെ പേറ്റന്റ് ലൈസന്‍സിങ് വിഭാഗമായ വിസ്‌കോന്‍സിന്‍ അലുമിനി റിസേര്‍ച്ച് ഫൗണ്ടേഷന്‍ പറഞ്ഞു. 
സര്‍വകലാശാലയുടെ അധീനതയിലുള്ള മൈക്രോചിപ്പ് ടെക്‌നോളജി, ആപ്പിള്‍ അതിന്റെ ഐഫോണുകളിലും ഐപാഡുകളിലും അനുവാദമില്ലാതെ ഉപയോഗിച്ചതായി ജൂറി നേരത്തെ കണ്ടെത്തിയിരുന്നു. അതിന്റെ പേരിലാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരം വിധിച്ചത്.
വിധിക്കെതിരെ അപ്പീല്‍ നല്‍കുമന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിശദീകരണം നല്‍കാന്‍ കമ്പനി തയ്യാറായില്ല.
നഷ്ടപരിഹാരമായി ഫൗണ്ടേഷന്‍ ആവശ്യപ്പെട്ട തുകയില്‍ നിന്ന് 16.5 കോടി ഡോളര്‍ കുറച്ചാണ് ജൂറി നഷ്ടപരിഹാര തുക നിശ്ചയിച്ചത്. 
വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ ഗുരിന്ദര്‍ സോഹി വിസ്‌കോന്‍സിനില്‍ മാഡിസണിലുള്ള ഫെഡറല്‍ കോടതിയില്‍ വിധി പ്രസ്താവിക്കുന്ന വേളയില്‍ ഹാജരായിരുന്നു. മൈക്രോചിപ്പ് വിദ്യയുടെ ഉപജ്ഞേതാക്കളിലൊരാളാണ് സോഹി.
'ഡോ.സോഹി, താങ്കളുടെ കണ്ടുപിടിത്തം നീതീകരിക്കപ്പെട്ടുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' - യു.എസ്.ജില്ലാജഡ്ജി വില്ല്യം കോന്‍ലി പറഞ്ഞു. 
ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ വിധി വന്നത്. ആപ്പിളിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയുമായി ബന്ധപ്പെട്ട കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
 

ഇതേ പ്രശ്‌നത്തില്‍ 2008 ല്‍ ഇന്റലിനെതിരെയും വിസ്‌കോന്‍സിന്‍ സര്‍വകലാശാല കേസ് നല്‍കിയിരുന്നു. അത് കോടതിക്ക് പുറത്തുവെച്ച് തീര്‍പ്പാക്കുകയായിരുന്നു. 

സാംസങ് അടക്കം ഒട്ടേറെ മൊബൈല്‍ കമ്പനികള്‍ക്കെതിരെ പേറ്റന്റ് കേസുകള്‍ നല്‍കുകയും നഷ്ടപരിഹാരം നേടുകയും ചെയ്ത് ടെക് ഭീമനാണ് ആപ്പിള്‍.